കാസർകോട്: ഹണി ട്രാപ്പിലൂടെ നിരവധിപേരെ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി. ഐ എസ് ആർ ഒ വിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയും, കേന്ദ്ര ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ സബ് ഇൻസ്പെക്ടറായും ജോലി ചെയ്യുന്നു എന്ന അറിയിച്ചു ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ ഐഡി കാർഡുകൾ വീട്ടിൽ നിന്നും കണ്ടെടുത്തു. മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഉഡുപ്പിയിൽ ആണ് ഒളിവിൽ കഴിഞ്ഞിരുന്നത്. മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ വച്ചാണ് ശ്രുതിയെയും മക്കളെയും കണ്ടെത്തിയത്. ദിവസം 1000 രൂപ വാടകയിൽ ഒരുമാസത്തോളമായി ഇവിടെ താമസിച്ചു വരികയായിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് 100,000 രൂപയും ഒരു പവൻ സ്വർണവും വാങ്ങിയതിനു ശേഷം തിരിച്ചു നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് ജൂൺ 21ന് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. നിരവധി ആളുകൾ യുവതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും ചിലർ മാത്രമാണ് പരാതിയുമായി മുന്നോട്ടു വന്നത്. പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണി ഭയന്നാണ് പലരും പരാതി നൽകാതെ മാറിനിൽക്കുന്നത്. അമ്പലത്തറ സ്വദേശിക്കെതിരെ പീഡന പരാതിയും യുവതി നൽകിയിരുന്നു. അതേസമയം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചതായി പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ടൗൺ, അമ്പലത്തറ, കൊയിലാണ്ടി, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ ശ്രുതിക്കെതിരെ കേസുകൾ നിലവിലുണ്ട്.