അതിവേഗം പായുന്ന ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ പകർത്തിയ വൈറലായ യുവാവിന് മറ്റൊരു വീഡിയോ എടുക്കുന്നതിനിടെ കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാനാണു ഈ ദുരവസ്ഥ. കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ റീൽസ് വൈറലായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവായ ഫർഹത്ത് ഷെയ്ഖിനെ കണ്ടെത്തുന്നത്. വീട് കണ്ടെത്തി കേസെടുക്കാൻ ആർ.പി.എഫ് സംഘമെത്തിയപ്പോഴാണ് ഫർഹത്തിന്റെ ജീവിതം ആകെ മാറിയത് കണ്ടെത്തുന്നത്. വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനിൽ നിന്നും സമാനമായ രീതിയിൽ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് അപകടത്തിൽപെട്ടു. യുവാവിന്റെ ഒരു കൈയും കാലും ആ അപകടത്തിൽ നഷ്ടമായിരുന്നു.