കാസര്‍കോട്: നഗരത്തിലും, സമീപ പ്രദേശങ്ങളിലും, നിരത്തിലൂടെ ലൈസന്‍സ് ഇല്ലാതെ പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ കണ്ണുവെച്ച് കാസര്‍കോട് ട്രാഫിക് പൊലീസ്. ഇങ്ങനെ വിലസുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ഥികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തി വരുന്നത്. ഒരു മാസത്തിനിടെ മാത്രം കാസര്‍കോട് നഗരത്തില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി 5 കുട്ടി ഡ്രൈവര്‍മാരെയാണ് കാസര്‍കോട് ട്രാഫിക് പൊലീസ് പിടികൂടിയത്. ഇവയില്‍ മൂന്ന് കേസുകളും പിടികൂടിയത്, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് നിന്നുമാണ്. പിടിയിലായവരില്‍ അധികവും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. ഈ കേസുകളില്‍ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ പൊലീസ് നിയമ നടപടി സ്വീകരിച്ചു. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയാല്‍ രക്ഷിതാക്കളും നിയമ നടപടി നേരിടേണ്ടി വരുമെന്ന് കാസര്‍കോട് ട്രാഫിക് പൊലീസ് പറഞ്ഞു. വാഹന ഉടമയ്ക്ക് പുതിയ നിയമഭേദഗതി പ്രകാരം കാല്‍ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷത്തെ തടവും ലഭിക്കാം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്കു റദ്ദാക്കും. ഇക്കാലയളവില്‍ വാഹനം നിരത്തിലിറക്കാന്‍ കഴിയില്ല. ഹെല്‍മറ്റ് ധരിക്കാതെയാണ് അധികപേരും വണ്ടിയോടിക്കുന്നത്. ട്രാഫിക് അച്ചടക്കം പാലിക്കാതെ ഓടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍ മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി കാസര്‍കോട് ട്രാഫിക് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിഡ്രൈവര്‍മാര്‍ക്കായി വരും ദിവസങ്ങളിലും, വിദ്യാലയങ്ങള്‍ ഉള്‍പെടെ കേന്ദ്രീകരിച്ച് പരിശോധ ശക്തമാക്കുമെന്നും കാസര്‍കോട് ട്രാഫിക് പൊലീസ് അറിയിച്ചു.