പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷം; അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം; പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

കാസര്‍കോട്: കുമ്പള പഞ്ചായത്തു ഫണ്ടില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അപഹരിച്ച സംഭവത്തില്‍ പഞ്ചായത്തു പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബി ജെ പി അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗത്തില്‍ ആവശ്യപ്പെട്ടു. അതു മാത്രമല്ല പഞ്ചായത്ത് ഖജനാവിന്റെ കാവല്‍ക്കാര്‍ നോക്കി നില്‍ക്കെ നടന്ന തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണം- പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചു യോഗത്തില്‍ നിന്ന് വാക്കൗട്ട് ചെയ്യുന്നതിനു മുമ്പു പ്രതിപക്ഷാംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ബുധനാഴ്ച വൈകിട്ടു കുമ്പള പ്രസ് ഫോറത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണ കക്ഷി മെമ്പര്‍മാരും ഇക്കാര്യം വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു വര്‍ഷത്തോളമായി പലതവണയായി 11,04959 രൂപ പല പേരുകളില്‍ പഞ്ചായത്തു ഫണ്ടില്‍ നിന്നു ചെക്ക് എഴുതി എടുത്തിട്ടുണ്ടെന്നു രേഖാമൂലം പറഞ്ഞിരുന്നു. അതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ (വ്യാഴം) ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര പഞ്ചായത്തു ഭരണ സമിതി യോഗത്തില്‍ അഞ്ചു ലക്ഷം രൂപയാണ് അപഹരിച്ചതെന്നു ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. നാളെ ഒന്നും പോയിട്ടില്ലെന്ന് ഇവര്‍ തന്നെ പറയില്ലെന്ന് എന്തുറപ്പാണുള്ളതെന്നു ബി ജെ പി അംഗം മോഹന യോഗത്തില്‍ ആരാഞ്ഞു.
ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടത്. ഖജനാവിന്റെ കാവല്‍ക്കാരായ ഭരണാധികാരികള്‍ ഇത്രകാലമായി നടന്ന കൊള്ളയില്‍ എന്തു നടപടിയെടുത്തു. വിജിലന്‍സിനു പരാതി കൊടുത്തോ?
പരാതി കൊടുത്തെന്നു മറുപടി പറഞ്ഞ പഞ്ചായത്തു പ്രസിഡന്റിനോട് അതിന്റെ രസീതു കാണണമെന്നു മോഹനന്‍ ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ മിണ്ടാതിരുന്നു. അല്‍പ്പ നേരത്തെ മൗനത്തിനു ശേഷം ഇതൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്നു നിസ്സംഗത പ്രകടിപ്പിച്ചു.


പഞ്ചായത്തിന്റെ ഒരു പൈസ ചെലവാക്കണമെങ്കില്‍ അക്കൗണ്ടന്റ് ചെക്ക് എഴുതി അതും അത് എന്തിനു വേണ്ടി ആര്‍ക്കു നല്‍കുന്നു എന്നതിന്റെ രേഖകളും പഞ്ചായത്ത് സെക്രട്ടറിക്കു കൊടുക്കണം. അയാളതു സൂക്ഷ്മമായി പരിശോധിച്ചു ഒപ്പിട്ടു പ്രസിഡന്റിനു നല്‍കണം. പ്രസിഡന്റിന്റെ രേഖാമൂലമുള്ള അനുമതിക്ക് ശേഷമേ ചെക്ക് ബന്ധപ്പെട്ട ആള്‍ക്കു കൈമാറാവൂ എന്നാണ് വ്യവസ്ഥ എന്നിരിക്കെ മാസങ്ങളായി ലക്ഷക്കണക്കിനു രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്നു തട്ടിപ്പു നടത്തിയിട്ടു സെക്രട്ടറിയും പ്രസിഡന്റും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥമെന്നു മോഹന ചോദിച്ചു. കത്രിമങ്ങള്‍ കണ്ടുപിടിക്കേണ്ടത് ഓഡിറ്റുകാരുടെ ജോലിയാണെന്നു പ്രസിഡന്റ് അതിനു വിശദീകരണം നല്‍കുകയായിരുന്നുവത്രെ.
പഞ്ചായത്ത് ഫണ്ട് കൊള്ളയില്‍ ഭരണാധികാരികള്‍ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് അധികാരത്തില്‍ നിന്നു ഒഴിയണമെന്നും ബി ജെ പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണം. തട്ടിപ്പില്‍ പങ്കാളികളായവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു യോഗഹാളില്‍ നിന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ട് അവര്‍ യോഗം ബഹിഷ്‌ക്കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page