മംഗ്‌ളൂരു: ജാതി മാറി കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കാമുകന്‍ പിന്മാറാന്‍ ശ്രമിച്ചതിനാല്‍ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച കാമുകിയെ കാമുകന്‍ അടിച്ചു കൊന്നു. വിജനമായ കുന്നിന്‍ മുകളില്‍ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. യുവാവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
ചിക്കമംഗ്‌ളൂരു, കോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൗമ്യ (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിമോഗ, സാഗര്‍, ആനന്ദപുരം സ്വദേശിയും തീര്‍ത്തഹള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ശൃജ(29)നെ അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് സ്ഥാപനത്തിലെ കളക്ഷന്‍ ജോലിക്കു പോയ സമയത്താണ് ശൃജന്‍ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി മാറി. യുവതിയെ കല്യാണം കഴിക്കാന്‍ ശൃജന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സൗമ്യ മറ്റൊരു ജാതിക്കാരിയായതിനാല്‍ ശൃജന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചു. തന്നെ കല്യാണം കഴിച്ചേ മതിയാകുവെന്ന നിലപാടിലായിരുന്നു യുവതി. ഇതിനിടയില്‍ ശൃജന്‍ സ്വദേശത്തേക്കു സ്ഥലം മാറിപ്പോയി. ജുലൈ രണ്ടിനു വീട്ടില്‍ നിന്നു ഇറങ്ങിയ സൗമ്യ ശൃജനെ അന്വേഷിച്ചു കൊണ്ടിരുന്നു. സാഗറില്‍ വച്ച് കാമുകനെ നേരില്‍ കണ്ട സൗമ്യ തന്റെ ആവശ്യം ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ശൃജന്‍ സൗമ്യയെ അടിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം സമീപത്തെ ഒരു കുന്നിന്‍ മുകളില്‍ കുഴിച്ചിട്ടു. സൗമ്യ തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കോപ്പ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിക്ക് ശൃജനുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ച് മൃതദേഹം കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.