കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഒരു മണിക്കൂര്‍ നേരം വഴിയില്‍ കുടുങ്ങി. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു മന്ത്രി. ട്രെയിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടിക്കുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനില്‍ വീണ ഓലയാണ് വില്ലനായത്. ഓല ജാമായതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ചെറുവത്തൂരില്‍ നിന്നു സാങ്കേതിക വിദഗ്ധര്‍ എത്തി ട്രെയിനിനും വൈദ്യുതി ലൈനിനും ഇടയില്‍ കുടുങ്ങിയ ഓല മാറ്റിയതിനു ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
