തിരുവനന്തപുരം: കോണ്‍ഗ്രസ് ആസ്ഥാനത്തും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയെന്ന വിവാദത്തില്‍ പൊലീസ് പ്രാഥമികാന്വേഷണം അവസാനിപ്പിച്ചു. വിവാദം സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മ്യൂസിയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. വിവാദം സംബന്ധിച്ച് പരാതി നല്‍കിയാല്‍ തുടര്‍ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി. കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടിലും കെ.പി.സി.സി ഓഫീസില്‍ അദ്ദേഹത്തിന്റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതു പ്രകാരം പരാതിക്കാരന്റെയും കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരം മാത്രമാണ് തനിക്കുള്ളതെന്നാണ് പരാതിക്കാരന്‍ നല്‍കിയ മൊഴി. ഓഫീസില്‍ നിന്നു കൂടോത്രം കണ്ടെത്തിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കെ. സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്ക് പരാതിയില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.