ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ വഴിത്തിരിവ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി. നാലുപേരിൽ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെപൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ജെ സി ബി ഡ്രൈവർമാരെ പെരുമ്പാവൂരിൽ നിന്ന് ചാലക്കുടി പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ് അങ്കമാലിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ കൂട്ടുപ്രതി അബ്ദുൽ കലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് നാലുപേർ പുഴയിൽ വീണത്. ചെന്നൈ-തിരുവനന്തപുരം ട്രെയിൻ്റെ ലോക്കോ പൈലറ്റാണ് പൊലീസിനെ വിവരം അറിയിച്ചത്. ലോക്കോ പൈലറ്റിന്റെ വിവരത്തെ തുടർന്നു സംഭവ സമയം മുതൽ തന്നെ ഇവർക്കായുള്ള തിരച്ചിൽ ചാലക്കുടി പൊലീസ് ഊർജിതമാക്കിയിരുന്നു. അപകടം നടന്നതിന് ശേഷം പുഴയിലേക്ക് വീണു എന്ന് കരുതുന്നവർ ഓട്ടോയിൽ അങ്കമാലി ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ വിവരം അനുസരിച്ച് അങ്കമാലി, പെരുമ്പാവൂർ, മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിവരത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും ചാലക്കുടി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് ഇവരെ പിടികൂടിയത്.