കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുറവ്. ഇന്ന് രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറച്ചിരിക്കുകയാണ് വ്യാപാരികള്‍. പവന് 53960 രൂപ, ഗ്രാമിന് 6745 രൂപ എന്നിങ്ങനെയായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയും പവന് 51960 രൂപയുമാണ് ഏറ്റവും പുതിയ വില. പവന് 2000 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളത്. 55,000 രൂപവരെ പവന് ഉയര്‍ന്ന സാഹചര്യമുണ്ടായിരുന്നു. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചുകൊണ്ട് പ്രഖ്യാപനം വന്ന പിന്നാലെയാണ് കേരള വിപണിയിലും വില കുറവ് വന്നത്. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറഞ്ഞേക്കുമെന്നാണ് സൂചന. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല ദിനമാണ് ഇനി വരുന്നത് എന്ന് പറയാം.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം എന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എക്സൈസ് നികുതി, സെസ് എന്നിവ ഉള്‍പ്പെടെ 15 ശമതാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ് ഇതുവരെ സ്വര്‍ണത്തിന് ഈടാക്കിയിരുന്നത്. ജിഎസ്ടിയില്‍ മാറ്റം വന്നിട്ടില്ല. അതേസമയം, അടിസ്ഥാന എക്സൈസ് നികുതി 10ല്‍ നിന്ന് 5 ശതമാനമായും സെസ് 5ല്‍ നിന്ന് ഒരു ശതമാനമായുമാണ് കുറച്ചിരിക്കുന്നത്.