കാസര്‍കോട്: ഒരു ദേശത്തിന്റെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ‘നാട്ടുപഞ്ചാത്തിക്ക’ പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുല്ലൂര്‍ ദേശം ചരിത്ര പുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായാണ് നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത്. മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൊലിയന്ത്രം പാലയില്‍ നൂറ് മണ്‍ചിരാതുകള്‍ കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കാവിലെ അക്കാമ്മ കുഞ്ഞാക്കമ്മ…’ എന്നു തുടങ്ങുന്ന പണ്ട് വയല്‍ വരമ്പുകളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ ഈണം വേലാശ്വരത്തെ ശാരദ, പെരളത്തെ മാണിക്യം, മധുരമ്പാടിയിലെ നാരായണി എന്നിവര്‍ പാടി അനുഭവങ്ങള്‍ പങ്കുവച്ചു. പുല്ലൂര്‍ ഗ്രാമത്തിലെ അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ നൂറ്റിയമ്പതോളം പേരാണ് സ്‌കൂളില്‍ എത്തിച്ചേര്‍ന്നത്. പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി, കൃഷി, തൊഴില്‍, പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി, ആചാര വിശ്വാസങ്ങള്‍, നാട്ടുസംഗീതം, നാടോടിക്കഥകള്‍, നാട്ടുചികിത്സ, നാടന്‍ ചൊല്ലുകള്‍ എന്നിവയെക്കുറിച്ചെല്ലാം നാട്ടു പഞ്ചാത്തിക്കയില്‍ മുതിര്‍ന്നവര്‍ അറിവുകള്‍ പകര്‍ന്നു. ഉത്സവങ്ങള്‍, കളികള്‍, പലതരം വിനോദങ്ങള്‍, കരവിരുത്, നാട്ടുവൈദ്യം, നാടന്‍ പാചകം, നാടന്‍ ശൈലികള്‍, നാടോടിനാടകം, നാട്ടുസംഗീതം, നാടന്‍ ചിത്രകല, നാടന്‍പാട്ടുകള്‍ തുടങ്ങിയെല്ലാം നാട്ടറിവില്‍ ചര്‍ച്ചയായി. ചരിത്രകാരന്‍ ഡോ. സി. ബാലന്‍ മോഡറേറ്ററായി. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. കവി ദിവാകരന്‍ വിഷ്ണുമംഗലം, പി. ജനാര്‍ദ്ദനന്‍, എ.ടി. ശശി സംസാരിച്ചു.
ഭാരതി കാനത്തില്‍, ദാമോദരന്‍ ചാലിങ്കാല്‍, ഗോപാലന്‍ കേളോത്ത് വീട്, ദാമോദരന്‍ ഒയക്കട, ബാലന്‍ എടമുണ്ട, നാരായണന്‍ വി, അച്യുതന്‍ നായര്‍, ഭാസ്‌കരന്‍ കുണ്ടൂച്ചിയില്‍, കരുണാകരന്‍ ഇടച്ചിയില്‍, ശാരദ വിഷ്ണുമംഗലം, ഉണ്ണി ബാനം, നാരായണി കരക്കക്കുണ്ട്, രഘുനാഥ് മധുരമ്പാടി, കുഞ്ഞികൃഷ്ണന്‍ കൊടവലം, ശ്യാമള പൊള്ളക്കട, പി.ശശിധരന്‍ നായര്‍ തുടങ്ങി നൂറോളം പേര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.