കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലായി സൈന്യം രംഗത്തിറങ്ങി. 40 അംഗ സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ദുരന്തമുഖത്തെത്തിയത്.
ബെലഗാവിയില്‍ നിന്നാണ് അത്യാധുനീക സൗകര്യങ്ങളോടെ സംഘം എത്തിയത്.
രക്ഷാപ്രവര്‍ത്തനം ആറാംദിവസം എട്ടു മണിക്കൂറും പിന്നിട്ടും ശുഭവാര്‍ത്തകളൊന്നും തന്നെ പുറത്ത് വന്നില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയില്‍ ഒന്നും ലോറിയുടെ ഭാഗമൊന്നും കണ്ടെത്താനായില്ല.
നിലവില്‍ നാവിക സേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, തീരസംരക്ഷണം സേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.
അപകടസ്ഥലത്തേക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്.
അതിനിടെ അര്‍ജുന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.