കാസര്‍കോട്: കുമ്പള, കോയിപ്പാടി കടപ്പുറത്ത് വന്‍ കവര്‍ച്ച. അരുണന്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അരുണനും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി മാഹിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ശനിയാഴ്ച രാവിലെ അരുണന്റെ സഹോദരി എത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികളെയും അരുണനെയും വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൂന്നു കിടപ്പുമുറികളിലായി സൂക്ഷിച്ചിട്ടുള്ള മൂന്നു അലമാരകളും കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. സാധനങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലാണ്. വീട്ടുകാര്‍ എത്തിയാല്‍ മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.