കാസർകോട്: നീലേശ്വരത്ത് തട്ടാച്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീട്ടിൽനിന്നും 18 പവൻ സ്വർണാഭരണങ്ങൾ കവർ ചെയ്യപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണങ്ങളാണ് കവർച്ച ചെയ്തത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണം അലമാരയിൽ വെച്ച് പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ തന്നെ വച്ചിരുന്നു. പ്രമോദിന്റെ ഭാര്യ അധികവും സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണ്ണം എടുക്കാൻ നോക്കിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. അലമാരക്ക് മുകളിൽ വച്ചിരുന്ന താക്കോൽ എടുത്താണ് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.