കോഴിക്കോട്: കര്‍ണ്ണാടകയിലെ ബംഗ്‌ളൂരു-ഷിരൂര്‍ ദേശീയ പാതയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനെ കണ്ടെത്താനായില്ല. ലോറിക്കൊപ്പം മണ്ണിനടിയിലായ അര്‍ജ്ജുനന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താന്‍ അടിയന്തിര ശ്രമം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നാലു ദിവസം മുമ്പാണ് അര്‍ജുന്‍ ലോറി ഓടിച്ചു പോകുന്നതിനിടയില്‍ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് വീണത്.
റോഡിലെ മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് അധികൃതര്‍ മുന്‍തൂക്കം നല്‍കിയത്. ലോറിയും ഡ്രൈവറും മണ്ണിനടിയില്‍പ്പെട്ടതായി പിന്നീടാണ് മനസ്സിലായതെന്നു അധികൃതര്‍ പറഞ്ഞു.
ജി.പി.എസ് സംവിധാനം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ലോറി മണ്ണിനടിയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ജുനന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ഭാര്യ കൃഷ്ണപ്രിയ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഇടപെട്ടിട്ടുണ്ട്.