തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോട്ടിലെ മാലിന്യം നീക്കാന്‍ ഇറങ്ങിയ തൊഴിലാളി ജോയി മാലിന്യത്തിനിടയില്‍പ്പെട്ടു മുങ്ങിമരിച്ച സംഭവത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ച് ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും കലാശിച്ചു.
കോര്‍പ്പറേഷന്‍ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ ബാരിക്കേഡു വച്ചു പൊലീസ് തടഞ്ഞു. തുടര്‍ന്നു ബാരിക്കേഡു മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ലാത്തിച്ചാര്‍ജ്ജും നടന്നു. ഇതിനിടയില്‍ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ലാത്തിച്ചാര്‍ജ്ജില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
ജോയിയുടെ മരണത്തിനുത്തരവാദി കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി നേതാവ് വി. മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറഞ്ഞു തടിതപ്പാനാണ് പിണറായി ശ്രമിക്കുന്നതെന്നും അതിനി വിലപ്പോവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസിലിരുന്നു കാണിക്കുന്ന ആക്ഷന്‍ കാണാന്‍ കഴിയുന്ന കോര്‍പ്പറേഷന്‍ മേയര്‍ക്കു സ്വന്തം കണ്‍മുന്നില്‍ കുന്നുകൂടുന്ന മാലിന്യം കാണാന്‍ കണ്ണില്ലെന്നു മുരളീധരന്‍ അപലപിച്ചു.
