കാടകം സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ് കേസില്‍ പുതിയ ട്വിസ്റ്റ്; പൊലീസിനു നല്‍കാനെന്നു പറഞ്ഞ് മൂന്നരലക്ഷം രൂപ തട്ടി, മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാടകം അഗ്രിക്കള്‍ച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. കേസില്‍ പ്രതിയാകാതിരിക്കാന്‍ പൊലീസിനു നല്‍കാനെന്നു പറഞ്ഞ് ബേക്കല്‍ സ്വദേശിയില്‍ നിന്നു മൂന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.
ബേക്കലിലെ അബൂബക്കര്‍ നല്‍കിയ പരാതിയില്‍ കോട്ടിക്കുളത്തെ ടൈഗര്‍ സമീര്‍, ബേക്കല്‍ സ്വദേശികളായ റാഷിദ്, ഇസ്മയില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മൂന്നരലക്ഷം രൂപ തന്നില്ലെങ്കില്‍ കാടകം സൊസൈറ്റിയില്‍ നിന്നു കോടികള്‍ തട്ടിയ കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അബൂബക്കര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. രണ്ടു തവണകളായാണ് പണം നല്‍കിയതെന്നും പിന്നീടാണ് തട്ടിപ്പിന് ഇരയായതെന്നു ബോധ്യപ്പെട്ടതെന്നും അബൂബക്കര്‍ പരാതിയില്‍ പറഞ്ഞു. അതേ സമയം കാടകം സൊസൈറ്റിയില്‍ നിന്നു കോടികള്‍ തട്ടിയ കേസിന്റെ അന്വേഷണം വഴിമുട്ടി. ആദ്യം ആദൂര്‍ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കീഴിലാണിപ്പോള്‍. കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡിവൈ.എസ്.പി പി. മധുസൂദനനെ കാസര്‍കോട് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം വഴി മുട്ടിയത്.
തുടക്കത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു കാടകം സൊസൈറ്റി തട്ടിപ്പ് കേസ്. നിക്ഷേപ തുകയും പണയ സ്വര്‍ണ്ണവും കിട്ടാതെ ദിവസവും സൊസൈറ്റിയിലെത്തി മടങ്ങേണ്ട സ്ഥിതിയിലാണ് സാധാരണക്കാരായ ഇടപാടുകാര്‍. തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാര്‍, കോഴിക്കോട് സ്വദേശി നബീല്‍ തുടങ്ങിയ പ്രതികള്‍ ഇപ്പോഴും റിമാന്റിലാണ്. കോടികള്‍ തട്ടിയ സംഭവത്തില്‍ സഹകരണ വകുപ്പ് വകുപ്പുതല അന്വേഷണവും പൂര്‍ത്തിയാക്കിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page