ജീവനക്കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ബജ്പെ ശാന്തിഗുഡ്ഡെ സ്വദേശി പ്രീതേഷ് എന്ന പ്രീതു(31), സൂറത്കല്‍ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കെരെ സ്വദേശി അന്നു എന്ന കുസുമകരെ(37) എന്നവരെയാണ് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം നാലിന് വൈകീട്ട് ബുര്‍ഖ ധരിച്ച് ബജ്പെ ടൗണിന്റെ ഹൃദയഭാഗത്തുള്ള ബജ്പെ ഫിനാന്‍സ് ഓഫീസില്‍ കടന്ന മൂവരും സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചാണ് കവര്‍ച്ചനടത്താനൊരുങ്ങിയത്. പക്ഷെ സമീപസ്ഥാപനത്തിലെ ആളുകള്‍ എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ബജ്പെ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.
പ്രീതേഷിനെതിരെ സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് മോഷണക്കേസുകളും ബജ്പെ പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസുമുണ്ട്. ധന്‍രാജിനെതിരെ കാര്‍ക്കള റൂറല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനില്‍ ഒന്നും വധശ്രമക്കേസുകളും കുസുമകരയ്ക്കെതിരെ സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ബജ്പെ പൊലീസ് സ്റ്റേഷനില്‍ ഒന്ന് മോഷണക്കേസുമുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും സ്വിഫ്റ്റ് കാറും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.