കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. പരിക്കേറ്റ അരുൺകുമാർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി ജീവനക്കാരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കാസർകോട് ജില്ലാ കോർഡിനേഷൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.