കൊക്കോ തോട്ടത്തില്‍ നിന്ന് ലഭിച്ച മുട്ടകള്‍ അടവച്ചു; വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങള്‍

കണ്ണൂര്‍: കൃത്രിമ സാഹചര്യത്തില്‍ അടവച്ച 31 രാജവെമ്പാല മുട്ടകളില്‍ പതിനാറെണ്ണം വിരിഞ്ഞു. ഇതാദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തില്‍ മുട്ട വിരിയിച്ചത്. വനം വകുപ്പ് വാച്ചറും മാര്‍ക്ക് സംഘടനയുടെ അനിമല്‍ റസ്‌ക്യുവറുമായ ഷാജി ബക്കളത്തിന്റെ സംരക്ഷണയിലാണ് രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്. പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്ക് ശേഷം ആവാസ വ്യവസ്ഥയില്‍ തുറന്നുവിടും. കുടിയാന്‍മല കനകക്കുന്നില്‍ ലോനപ്പന്‍ എന്നയാളുടെ കൊക്കോ തോട്ടത്തില്‍ നിന്നാണ് മുട്ടകള്‍ ലഭിച്ചത്. രാജവെമ്പാല തോട്ടിലേക്ക് ഇറങ്ങിപ്പോയിരുന്നു. കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകള്‍ സൂക്ഷിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ റേഞ്ച് ഓഫിസറുടെ നിര്‍ദ്ദേശപ്രകാരം കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ച് മുട്ടകള്‍ അടവച്ചു. തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയായിരുന്നു. അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയില്‍ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളില്‍ രാജവെമ്പാല മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page