ടാറ്റു സെന്റര്‍ ഉടമയോട് ഒരേസമയം രണ്ടു യുവതികള്‍ക്ക് പ്രണയം, ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള ആലോചനക്കിടയില്‍ രണ്ടു യുവതികളും കൈ ഞരമ്പ് മുറിച്ച് ആശുപത്രിയില്‍

കണ്ണൂര്‍: ടാറ്റു സെന്റര്‍ ഉടമയായ യുവാവിനോട് ഒരേസമയം രണ്ട് യുവതികള്‍ക്ക് പ്രണയം. ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള യുവാവിന്റെ നീക്കങ്ങള്‍ക്കിടയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. യുവാവിന്റെ സ്ഥാപനത്തിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രണ്ടുയുവതികളെയും പൊലീസെത്തി ആശുപത്രിയിലാക്കി. കണ്ണൂര്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേരി വായന്തോട്ടെ ഒരു ടാറ്റു സെന്റര്‍ ഉടമയായ 30 കാരനാണ് കഥാനായകന്‍. ഇയാള്‍ നേരത്തെ കണ്ണൂര്‍ വിമാനത്താളത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. തേവര്‍ക്കാട് സ്വദേശിയായ ഒരു യുവതിയും ഇതേസമയത്ത് വിമാനത്താവളത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ഈ സമയത്ത് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി. താല്‍ക്കാലിക ജോലിയുടെ കാലാവധി പൂര്‍ത്തിയായ ശേഷം ജോലിയില്‍ നിന്ന് ഇവര്‍ പിരിഞ്ഞു. ഈ യുവതിയെ കല്യാണം കഴിക്കാനായിരുന്നു യുവാവിന്റെയും വീട്ടുകാരുടെയും ആലോചന. വിവാഹക്കാര്യം സജീവമായി പരിഗണിക്കുന്നതിനിടയിലാണ് തന്റെ ഭാവി വധുവിന് ഒരുകുട്ടിയുണ്ടെന്ന് യുവാവ് അറിഞ്ഞത്. ഇതോടെ കല്യാണക്കാര്യം മന്ദഗതിയിലായി. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ 30 കാരിയായ യുവതി തയ്യാറായില്ല. ഇതിനിടയില്‍ ടാറ്റുസെന്റര്‍ ഉടമയായ യുവാവ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട കായംകുളം സ്വദേശിയായ അനാഥ യുവതിയുമായി പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കായംകുളത്തെ കാമുകി തിങ്കളാഴ്ച വൈകുന്നേരം കല്ലേരിയിലെ ടാറ്റൂ സെന്ററില്‍ എത്തി. ഇതറിഞ്ഞ് ആദ്യ കാമുകിയും ടാറ്റൂ സെന്ററില്‍ എത്തി. തുടര്‍ന്ന് കല്യാണത്തെ ചൊല്ലി ഇരുയുവതികളും വാക്കേറ്റത്തിലേര്‍പ്പെട്ടു. തര്‍ക്കം മൂത്തതോടെ കായംകുളത്തുനിന്നെത്തിയ കാമുകി ബ്ലേഡ് എടുത്ത് കൈ ഞരമ്പ് മുറിച്ചു. ഇതുകണ്ട് ആദ്യകാമുകിയും തന്റെ കൈഞരമ്പ് മുറിച്ചു. ബഹളവും നിലവിളിയും കേട്ട് ആള്‍ക്കാര്‍ കൂടിയതോടെ പൊലീസും സ്ഥലത്തെത്തി. കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടുയുവതികളെയും ആശുപത്രിയിലെത്തിച്ചു. സംഭവത്തെ കുറിച്ച് മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍എസ് സജന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page