തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. നേരത്തെയും സമാനമായ വിമർശനം എം വി ഗോവിന്ദൻ ഉന്നയിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചു. അത് ഗുരുതര വീഴ്ചയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി.
മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്‌ഫോടനവും തിരിച്ചടിയായി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
