പ്രതീക്ഷകള്‍ അസ്തമിച്ചു; പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹവും കണ്ടെടുത്തു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ചക്കരക്കല്‍ നാലാം പീടിക സ്വദേശിനി ശ്രീ ലക്ഷ്മി ഹൗസില്‍ സൂര്യ(21)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെ കണ്ടെത്തിയത്. ദുരന്തം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ പോതിയിറങ്ങിയ കുണ്ടില്‍ വച്ചാണ് മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിയെടുത്തത്. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. 30 അംഗ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് ഇന്നും തെരച്ചില്‍ തുടര്‍ന്നത്.
ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മേഖലയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ എത്തിയ ഇവര്‍ പുഴക്കരയില്‍നിന്നു മൊബൈലില്‍ ചിത്രങ്ങളും വിഡിയോവും പകര്‍ത്തിയ ശേഷം വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയില്‍ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടര്‍അതോറിറ്റി ജീവനക്കാരനും വിലക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു.
ഒരാള്‍ പുഴയില്‍ മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്നു പുറത്തുപോയെന്നു പറയുന്നു. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവര്‍മാര്‍ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇരിക്കൂര്‍ സിബ്ഗ കോളജിലെ അവസാന വര്‍ഷ ബിഎ സൈക്കോളജി ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page