റോഡിലേക്ക് ഓടിവന്ന നായയെ നായയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിൻസീറ്റിൽ ഇരുന്ന നവവധുവിനു ദാരുണാന്ത്യം. കർണാടക കാർക്കള ഈടു കരേമ്പലു സ്വദേശി വിശാലിന്റെ ഭാര്യ നീക്ഷ (26)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാർക്കള റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസ്മാറു സമീപമായിരുന്നു അപകടം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവ് നായ പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഓടി വരികയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമാറിയതിനെത്തുടർന്ന് റോഡിൽ മറിഞ്ഞ് വീണു.
അപകടത്തിൽ നീക്ഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും എത്തും മുൻപേ മരിച്ചു.
സംഭവത്തിൽ കാർക്കള റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൂന്നുമാസം മുമ്പാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.