വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചുകടക്കുന്നതിനിടെ 21 കാരി ഷോക്കേറ്റു മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ ബര്‍ഗുള ഷിബാജെ സ്വദേശി ഗണേഷ് ഷെട്ടിയുടെയും രോഹിണിയുടെയും മകള്‍ പ്രതീക്ഷ (21) ആണ് മരിച്ചത്. വൈദ്യുതി കമ്പിയുടെ ഇന്‍സുലേറ്റര്‍ പൊട്ടി വെള്ളം നിറഞ്ഞ കിടങ്ങിലേക്ക് വീണതിനെ തുടര്‍ന്നാണ് പ്രതീക്ഷയ്ക്ക് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ഓര്‍ഡര്‍ ചെയ്ത ഓണ്‍ലൈന്‍ പാഴ്സല്‍ വാങ്ങാനായി വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള പ്രധാന റോഡിലേക്ക് പോകുകയായിരുന്നു പ്രതീക്ഷ. മഴക്കാലമായതിനാല്‍ വെള്ളക്കെട്ടാകുന്ന ഒരു ചെറിയ കിടങ്ങ് മുറിച്ചുകടന്നുവേണം റോഡിലേക്ക് പ്രവേശിക്കാന്‍. പൊട്ടിവീണ ലൈന്‍ കമ്പിയുടെ ഭാഗം കിടങ്ങിലുണ്ടായിരുന്നു. അങ്ങനെ മുറിച്ചുകടക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മകള്‍ പിടയുന്നത് കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഗണേഷ് ഷെട്ടിക്കും ഷോക്കേറ്റു. ഉടന്‍ മെസ്‌കോം അധികൃതരെ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ ഡിഗ്രി പൂര്‍ത്തിയാക്കി കൊക്കടയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതീക്ഷ. കര്‍ഷകനായ ഗണേഷ് ഷെട്ടിക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.