കാസര്‍കോട്: നാലുവയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് തന്നേക്കാള്‍ രണ്ട് വയസ്സ് കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് പൊലീസിന്റെ ഉപദേശം കേട്ട് മാനസാന്തരം. ഒടുവില്‍ യുവതി കാമുകനെ ഒഴിവാക്കി ഭര്‍ത്താവിനും മകനും ഒപ്പം പോയി. കരിന്തളം, ചാമക്കുഴിയിലെ 26കാരിയാണ് പയ്യന്നൂര്‍ സ്വദേശിയായ 24 കാരനൊപ്പം ഞായറാഴ്ച ഒളിച്ചോടിയത്. കേബിള്‍ ടിവി ജീവനക്കാരനാണ് പയ്യന്നൂര്‍ സ്വദേശിയായ കാമുകന്‍. സംഭവത്തില്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാമുകന്റെ വീട്ടില്‍ എത്തി. എന്നാല്‍ വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കമിതാക്കളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വീട്ടുകാരില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പറശ്ശിനിക്കടവിലാണെന്ന് കമിതാക്കള്‍ പൊലീസിനോട് പറഞ്ഞു. തലേന്നാള്‍ രാത്രി പയ്യന്നൂരിലെ ബന്ധുവീട്ടില്‍ താമസിച്ചതിന് ശേഷമാണ് ഇരുവരും പറശ്ശിനിക്കടവില്‍ എത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസ് തുടര്‍ന്ന് ഇരുവരെയും അനുനയിപ്പിച്ച് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മണിക്കൂറുകളോളം കമിതാക്കളെ ഒന്നിച്ചും ഒറ്റയ്ക്കിരുത്തിയും ബോധവല്‍ക്കരണം നടത്തി. ഇതിലൂടെ ഇരുവര്‍ക്കും മാനസാന്തരം വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭര്‍ത്താവിനും മകനും ഒപ്പം പോകുന്നുവെന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തു.
