ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്.
72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക് സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി.
കേന്ദ്ര മന്ത്രിമാരായി രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്ര കുമാർ, കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജുജു, ഹർദീപ് സിങ് പുരി, ഡോ. മൻസൂക് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, അടക്കമുള്ളവർ സത്യവാചകം ചൊല്ലി. കേരളത്തിൽ നിന്നും തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും.
ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കുര്യൻ.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളിൽ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത. കാബിനറ്റ് റാങ്കോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുണ്ട്.
മൂന്നാം എൻ.ഡി.എ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബി.ജെ.പി തന്നെ കൈവശം വെക്കാനാണ് സാധ്യത.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയ വിദേശ നേതാക്കള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എട്ടായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധികള്‍, ശുചീകരണ തൊഴിലാളികള്‍, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, വിവിധ മേഖലതളില്‍ മികവ് തെളിയിച്ച വ്യക്തികള്‍, വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിവരും പ്രത്യേക അതിഥികളായി സദസില്‍ സന്നിഹിതരായിരുന്നു.
പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കാളിയായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഖാര്‍ഗെയുടെ പങ്കാളിത്തം. അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
