കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഇവർക്കൊപ്പമുള്ള ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നിവരാണ് മരിച്ചത്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. സഫായി എന്ന ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ 12 പേർ കൂൺ ഭക്ഷിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബി.എസ് സൊഹ്‍ലിയ പറഞ്ഞു. കാട്ടിൽ നിന്നാണ് ഇവർക്ക് കൂൺ ലഭിച്ചത്. വീട്ടിൽ കൊണ്ടുപോയി കറി ഉണ്ടാക്കി കഴിക്കുകയായിരുന്നു. അസ്വസ്ഥതകളെ തുടർന്ന് ആദ്യം അഞ്ചുപേരാണ് ആശുപത്രിയിൽ എത്തിയത്. പിന്നാലെ മറ്റുള്ളവരും എത്തി.
കൂൺ കഴിച്ച 12 പേരിൽ മൂന്ന് കുട്ടികൾ ഗുരുതര രോഗ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. എട്ടും പന്ത്രണ്ടും പതിനഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.
നേരത്തെയും ഇതുപോലെ കൂൺ കഴിച്ചവർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
മേഘാലയയിൽ 2021ൽ കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ഭക്ഷിച്ച ശേഷം ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവൻ നഷ്ടമായിരുന്നു.