അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം; നഴ്സിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലയാളികൾ ഏറെ അമ്പരപ്പോടെ ശ്രദ്ധിച്ച ഒരു മരണമായിരുന്നു സൂര്യാ സുരേന്ദ്രന്റെത്. യുകെയിലേക്കുള്ള യാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ സൂര്യാ സുരേന്ദ്രന്റെ അപ്രതീക്ഷിത മരണത്തിന്റെകാരണം അറിയാതെ കടിച്ചുപോയ അരളിപ്പൂവാണോ? യാഥാർഥ്യമറിയാൻ കേരളം കാത്തിരിക്കുകയാണ്.
അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നാലേ കൃത്യവിവരമറിയാനാകൂ.
വിമാനംകയറാൻ ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലേക്കു പോകും മുൻപ് സൂര്യ അയൽവീടുകളിൽ യാത്രപറയാൻ പോയിരുന്നു. മടങ്ങിവരുമ്പോൾ അരളിച്ചുവട്ടിൽനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഇലയിലൊന്ന് അറിയാതെ വായിൽവെച്ചു. പിന്നാലെ പൂവും ചവച്ചിരുന്നു. പെട്ടെന്നു തുപ്പിയെങ്കിലും അല്പം വിഴുങ്ങിപ്പോയെന്നാണ് ചികിത്സയിലിരിക്കേ അച്ഛൻ സുരേന്ദ്രനോടും ഡോക്ടർമാരോടും സൂര്യ പറഞ്ഞത്.നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിലെത്തിയപ്പോൾ സൂര്യ ഛർദ്ദിച്ചിരുന്നു. ഉടൻതന്നെ ചേർത്തലയിൽ പ്രാഥമിക ചികിത്സ തേടി. വിമാനത്താവളത്തിലെത്തിയപ്പോൾ സ്ഥിതി വഷളായതിനാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറച്ചു ഭേദമായപ്പോൾ രാത്രിതന്നെ വീട്ടിലേക്കു മടങ്ങി. അതിനിടെ വീണ്ടും പ്രശ്നമായി. തുടർന്ന്, പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ ഏതോ ഒരു പൂവും ഇലയും വായിലിട്ടതായി സൂര്യ പറഞ്ഞിരുന്നു. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്‌എച്ച്ഒ കെ.അഭിലാഷ് കുമാർ പറയുന്നു. ഈ ചെടിയുടെ പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തിൽ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. ആന്തരികാവയവ പരിശോധനയിലേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page