സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ചു; കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന്‍ മരിച്ചു

കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച് അവശനിലയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് മാതാവിനൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഒരു ഖരരൂപമാണ് ഡ്രൈ ഐസ്. നല്ല തണുപ്പാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം ഡ്രൈ ഐസിന്റെ തെറ്റായ ഉപയോഗം വലിയ അപകടങ്ങള്‍ വരുത്തി വെയ്ക്കുകയും ചെയ്യും. കടുത്ത തണുപ്പ് കാരണം ഇവ പൊള്ളലിന് സമാനമായ അവസ്ഥയുണ്ടാക്കും. മാര്‍ച്ച് മാസത്തില്‍ ഗുഡ്ഗാവിലെ ഒരു റസ്റ്റോറന്റില്‍ മൗത്ത് ഫ്രഷ്‌നറിന് പകരം ഡ്രൈ ഐസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ റസ്റ്റോറന്റില്‍ വെച്ച് രക്തം ഛര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page