ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ല. അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നു ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നല്‍കിയ 4500 ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീത കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാ നിര്‍മാതാക്കളില്‍നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ എതിര്‍ത്താണ് കമ്പനി അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സംഗീത സംവിധായകനെ നിര്‍മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിര്‍മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു.
ഈണത്തിന് മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, സംഗീതത്തിനുമേല്‍ ഈണം നല്‍കിയയാള്‍ക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചു.
ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് നിരീക്ഷിച്ച കോടതി, വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു.
ഗാനത്തിന്റെ പകര്‍പ്പവകാശം അവകാശപ്പെടുമ്പോള്‍, മറ്റാരെങ്കിലും എഴുതിയ ഗാനത്തിന്റെ വരികള്‍ക്ക് ഇളയരാജയ്ക്കും പകര്‍പ്പവകാശം അവകാശപ്പെടാനാകുമോ എന്ന് കോടതി ചോദിച്ചു.
പാട്ടിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഗാനരചയിതാവും രംഗത്തെത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് കോടതി ആശ്ചര്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായി വാദംകേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി ജൂണ്‍ രണ്ടാംവാരം വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഒരാഴ്ച മുന്‍പ് ഈ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്ന് കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.