രവീന്ദ്രന്‍ കൊടക്കാട്
ദീര്‍ഘകാലത്തെ എന്റെ സുഹൃത്തും എഴുത്തുകാരനും പ്രകൃതി സ്നേഹിയുമായ അശോകന്‍ മഹാരാഷ്ട്രയിലെ ജാല്‍നക്കടുത്തുള്ള ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന അങ്കുശ് പവാറിനെ കാണുകയും അദ്ദേഹത്തോടൊപ്പം താമസിച്ച് മറാത്ത് വാഡയിലെ ഗ്രാമജീവിതത്തെ സ്വാംശീകരിക്കുകയായിരുന്നു അശോകന്‍ മാഷിന്റെ കൂടെയുള്ള പര്‍ലിയിലേക്കുള്ള ഞങ്ങളുടെ യാത്രോദ്ദേശം. അദ്ധ്യാപകനും കര്‍ഷകനും പ്രഭാഷകനുമായ അങ്കുശ് ഏറെ ജീവിതാനുഭവമുള്ള ഒരു കര്‍ഷകനാണ്. പര്‍ലി വരണ്ടുണങ്ങി നില്‍ക്കുകയായിരുന്നു. നിറയെ പൊടി മണ്ണ്. വാഹനങ്ങളും കെട്ടിടങ്ങളിലും പൊടി.
മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ പര്‍ലി സ്റ്റാന്‍ഡില്‍ ഇറങ്ങുമ്പോള്‍ എവിടനിന്നോ മഴത്തുള്ളികള്‍…
പിന്നെ നിര്‍ത്താതെയുള്ള മഴ. മഴ വെള്ളം മണ്ണില്‍ കുതിര്‍ന്ന് ബസ്സ്റ്റാന്‍ഡ് മുഴുവന്‍ കരി ഓയിലില്‍ മുങ്ങിയ പ്രതീതി. ഒരു മണിക്കൂറോളം അവിടെ കാത്തുനിന്ന ശേഷം ശിവ ക്ഷേത്രത്തിന് താഴെയുള്ള ജംഗ്ഷനിലേക്ക് ഓട്ടോറിക്ഷയില്‍. അങ്കുശ് മാഷിന്റെ സഹോദരിയുടെ മകന്‍ പത്താം ക്ലാസുകാരന്‍ അവിടെ സൈക്കിളുമായി നമ്മളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേര്‍ മട്ടലായി കരുണാകരനും ഞാനും പിന്നിട് ഒപ്പം ചേര്‍ന്ന അശോകന്‍ മാഷും വീര്‍ത്ത സഞ്ചികളും തൂക്കി അങ്കുശ് മാഷിന്റെ പുതിയതായി നിര്‍മിച്ച വീട്ടിലെത്തി.
മുഗളന്മാരുടെ കാലഘട്ടം മറാട്ട് വാഡാ മേഖലയുടെ സുവര്‍ണ കാലഘട്ടമായിരുഅവെന്ന് അവിടത്തെ ചരിത്രാവശിഷ്ടങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നു. അന്ന് നിര്‍മ്മിക്കപ്പെട്ട ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനോളം വലുപ്പമുള്ള ഒരു പാട് നിര്‍മ്മിതികള്‍ ഇപ്പോഴും ഔറംഗാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നതു കാണാം. ഗതാഗത സംവിധാനത്തിലും ജലസേചനസൗകര്യങ്ങളിലും അക്കാലം ഏറെ അഭിവൃദ്ധി നേടിയിരുന്നു. എന്നാല്‍ ഇന്ന് ഔറംഗാബാദ് ഉള്‍പ്പെടെയുള്ള മറാട്ട് വാഡാ റീജിയന്‍ എഴുപതുകള്‍ക്കു മുമ്പുള്ള കേരളത്തിന്റെ അവസ്ഥയെക്കാള്‍ കഷ്ടമാണ്. നല്ല ഗതാഗതസൗകര്യമോ ജലസേചനസൗകര്യമോ ഇല്ല. പലയിടത്തും റെയില്‍വേ ഇരട്ട ലൈനുകളോ റെയില്‍ വൈദ്യുതീകരണമോ നടന്നിട്ടില്ല എന്നതും വസ്തുതയായിത്തന്നെ നില്‍ക്കുന്നു. ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായിരുന്ന ഈ ഭൂപ്രദേശം തൊള്ളായിരത്തി അറുപതുകളില്‍ ബലമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയായിരുന്നു. പിന്നീട് വന്ന മഹാരാഷ്ട്രാ സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാരുകളും ഈ മേഖലയുടെ പുരോഗതിക്കായി ഒന്നും ചെയ്തില്ല. മഹാരാഷ്ട്രയുടെ എല്ലാ വികസനങ്ങളും ബോംബെ താനാ-പൂനാ കേന്ദീകരിച്ചാണെന്നതാണ് യഥാര്‍ത്ഥ വസ്തുത. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള മഹാ മനീഷികളുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഇവിടം എന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. മഹാരാഷ്ട്രാ സംസ്ഥാനത്തെ വിഭജിച്ചു കൊണ്ട് ഒരു പ്രത്യേക മറാട്ട് വാ ഡാ സംസ്ഥാനം രൂപീകരിച്ചു കൊണ്ടല്ലാതെ ഇവിടുത്തെ വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളു എന്ന തോന്നലാണ് ഈ മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ എനിക്ക് ബോധ്യമായത്. ഈ യാത്രകള്‍ നമ്മുടെ കേരളം എത്ര സുന്ദരം എന്ന് നമ്മളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. എല്ലാവര്‍ക്കും സ്വന്തമായി വീട്, ശുചിമുറികള്‍, ആശുപത്രികള്‍, പൊതുവിദ്യാലയങ്ങള്‍ – ആധുനിക സമൂഹത്തിനു വേണ്ടതെല്ലാം ഇവിടെയുണ്ട്. അവിടെയോ? ഗതാഗത സൗകര്യങ്ങള്‍ തീരെക്കുറവ്. പൊതുവിദ്യാലയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാര്‍ ആശുപത്രികള്‍ എവിടെയും കാണാനായില്ല. സാധാരണക്കാരന്റെ അടിമ തുല്യമായ ജീവിതം. രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്താല്‍ ഒരു ദിവസത്തെ കൂലി മുന്നൂറ് രൂപമാത്രം! സ്വന്തമായി വീടുണ്ടെങ്കിലല്ലേ ശുചിമുറിയെക്കുറിച്ചു പറയേണ്ടതുള്ളു. ഡക്കാന്‍ പീഠഭൂമിയുടെ നല്ല കറുകറുത്ത മണ്ണ് – പൊതു ഇടപെടലുകളിലൂടെ പൊന്നുവിളയിക്കാവുന്ന ഭൂവിഭാഗം. ഭൂമി മുഴുവന്‍ വന്‍ കിട ഭൂഉടമകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തകരഷീറ്റിനാല്‍ ചുമരുണ്ടാക്കി തകര കൊണ്ട് മുകളില്‍ വിരിച്ച് അതിന്മേല്‍ കാറ്റത്ത് പാറിപ്പോകാതിരിക്കാന്‍ പാറക്കല്ലുകള്‍ പെറുക്കി വെച്ച് പതിനായിരക്കണക്കിന് വീടുകള്‍ എന്ന് പറയാവുന്ന നിര്‍മ്മിതികള്‍ അവിടത്തെ കൊടും ദാരിദ്രത്തിന്റെ ദൈന്യതകള്‍ ആരും പറയാതെ തന്നെ നമ്മോട് പറയുന്നു. തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന നാട്ടു പെണ്ണുങ്ങളുടെ മുഖത്തെ ദൈന്യ ഭാവത്തില്‍ നിന്നും ദാരിദ്രത്തിന്റെ യഥാര്‍ത്ഥമുഖം വായിച്ചെടുക്കാനാവും ഇനിയൊരു അംബേദ്കര്‍ കൂടി ഇവിടെ ഉണ്ടായാലേ ഇതിന്ഒരു മാറ്റം സാധ്യമാവു.
യാത്രയുടെ ക്ഷീണം നന്നെ ബാധിച്ചിരുന്നു. രാവിലെ പുറപ്പെടുമ്പോള്‍ ഒന്‍പതു മണിക്കെത്തേണ്ട റിസര്‍വു ചെയ്ത വണ്ടി ആറ് മണിക്കൂര്‍ വൈകിയേയെത്തുമെന്നറിയിപ്പുവന്നതിനാല്‍ അപ്പോള്‍ പ്ലാറ്റുഫോമില്‍ വന്നെത്തിയ പാസഞ്ചര്‍ വണ്ടിയിലാണ് ബര്‍ബനിയിലേക്കുള്ള യാത്ര. അവിടനിന്നും ബസ്സി’ല്‍ .. പര്‍ളിയിലേക്ക് വല്ലപ്പോഴുമേ ട്രൈയിന്‍ സര്‍വീസുള്ളു. വൈകുന്നേരം വരെ ഒന്നും കഴിക്കാനുമായില്ല. ഒന്‍പതു മണിയോടെ അംഗുഷ് മാഷിന്റെ വീട്ടില്‍ വിഭവ സമൃദ്ധയ ഭക്ഷണം’- യാത്രയില്‍ ആദ്യമായി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇവിടനിന്നായിരുന്നു ചിക്കന്‍ കറിയും ബജ്റപ്പൊടി കൊണ്ടുണ്ടാക്കിയ നല്ല ചപ്പാത്തി ജീരക റൈസിന്റെ ചോറ്, പരിപ്പ്, വഴുതിന കറികള്‍ -ക്ഷീണം കൊണ്ട് കിടന്നപാടേ ഉറങ്ങിപ്പോയി. അപ്പോഴും പുറത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു.
ആറുമണിക്കു തന്നെ എഴുന്നേറ്റ് പ്രാഥമികകൃത്യങ്ങള്‍ തീര്‍ത്തു. എട്ടു മണിക്ക് സമീപത്തെ കൃഷിയിടങ്ങിലേക്കുപോയി. ബജ്റയും കരിമ്പും, ചെറു ധാന്യങ്ങളും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്നത് കാണാന്‍ നയനാന്ദകരം-തിരിച്ചു വന്ന് ഭക്ഷണം കഴിച്ച ശേഷം അംഗുഷ് മാഷിന്റെ ബൈക്കില്‍ ഞാനും അശോകന്‍ മാഷും പിറകിലിരുന്ന് ആളില്ലാത്ത ലവല്‍ ക്രോസ് കടന്ന് ആറേഴ് കിലോമീറ്റര്‍ സഞ്ചരിച്ച് അംഗുഷ് മാഷിന്റെ തറവാട്ട് വീട്ടിലെത്തി. അവിടെയിപ്പോള്‍ അമ്മയും ഇളയ സഹോദരനും കുടുംബവുമാണ് താമസം. രണ്ട് സഹോദരിമാരെ നേരത്തേ വിവാഹം ചെയ്തു കൊടുത്തു. പഴയൊരു വീട്. താഴത്തെ നിലയോട് ചേര്‍ന്ന് ഇ രൂപതോളം എരുതുകളും കിടാങ്ങളും-ആടുകള്‍ കോഴികള്‍-എല്ലാമുണ്ട്. എരുമപ്പാലിന് എണ്‍പതു രൂപവരെ ലിറ്ററിന് വിലയുണ്ടവിടെ. ഒരുപദ്രവുമില്ലാതെ അവ അവിടെ. ചെറിയ പോത്തുകുട്ടന്‍; അതിന്റെ തല എന്റെ കാലിലുരസി സ്നേഹം അറിയിച്ചു. പലതിന്റെയും തലയിലും പുറത്തും തലോടിയപ്പോള്‍ തല കുലുക്കിയും വാല്‍ ആട്ടിയും അവ പ്രത്യഭിവാദ്യം ചെയ്തു. ആടുമാടുകളും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായുള്ള ഒരു പഴയ കേരളീയ ഗ്രാമജീവിതം അവിടെ കാണാനായി. ഉച്ചക്ക് ശേഷമുള്ള ട്രെയിനില്‍ മടങ്ങേണ്ടതിനാല്‍ അധികം വൈകാതെ അവിടെ നിന്നും പുറപ്പെട്ടു. കുറച്ച് മാങ്ങകളും ഒരു ഭരണിയില്‍ എരുമനെയ്യും മാഷിന്റെ സഹോദരന്റെ ഭാര്യ ഒരു സഞ്ചിയിലാക്കിത്തന്നു. അംഗുഷ് മാഷിന്റെ പുതിയ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു. ഒന്നോ രണ്ടോ ദിവസത്തെ ഇടപെടലുകളിലൂടെ വിട്ടു പിരിയാനാവാത്ത ഒരു ആത്മബന്ധം അവിടെ രൂപപ്പെട്ടതിനാല്‍ അവിടനിന്നും മടങ്ങാന്‍ മനസ്സിന് വളരെ പ്രയാസം തോന്നി. അശോകന്‍ മാഷും കരുണാകരനും ബാഗുകളുമായി ഒരു ഓട്ടോയില്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് വിട്ടു. ഞാന്‍ അംഗുഷിന്റെ കൂടെ ബൈക്കിലും. ടൗണില്‍ നിന്നും ഗോതമ്പിന്റെയും ബജ്റ തുടങ്ങി ചെറുധാന്യങ്ങളുടെയും വിത്തുകള്‍ കൂടി വാങ്ങിയ ശേഷം ബസ്സ്റ്റാന്‍ഡില്‍ എത്തി. മൂന്നുപേരും പാര്‍ബണിയിലെക്കുള്ള ബസ് കയറി. ബസ് പുറപ്പെട്ടു കഴിയുംവരെ മാഷ് കൈവീശിക്കൊണ്ട് പുറത്തു നിന്നു. പര്‍ബനിയില്‍ നിന്നും 4.40 ന് പൂനക്കുള്ള വണ്ടി; വെളുപ്പിന് 6.40ന് പൂനയില്‍ എത്തി. ഉച്ചവരെ പൂന നഗരം ചുറ്റിക്കണ്ട് അത്യാവശ്യം പര്‍ച്ചേസുകളൊക്കെ നടത്തി രാത്രി 10-25നുള്ള പൂന എറണാകുളം സൂപ്പര്‍ ഫാസ്റ്റില്‍ കയറിക്കിടന്നു പിറ്റേന്നു. വെളുപ്പിന് ആറരയോടെ ബല്‍ഗാമിലെത്തിയപ്പോള്‍ ഉണര്‍ന്നു. എട്ടു മണിക്കു മുമ്പേതന്നെ നല്ല ഇഡ്ഢലിയും ചട്ട്ണിയും സാമ്പാറും കിട്ടിയതിനാല്‍ പകല്‍ യാത്ര ബോറടിയില്ലാതെ കഴിഞ്ഞു. ബല്‍ഗാം മുതല്‍ ഗോവ വരെയുള്ള യാത്ര ഒരനുഭവം തന്നെയാണ്. പാറക്കെട്ടുകളും, വെള്ളച്ചാട്ടവും നിബിഢവനങ്ങളും തുരങ്കങ്ങളും എല്ലാം അനുഭവിച്ചറിയേണ്ടതു തന്നെ. രാത്രി ഒന്‍പതരയോടെ വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ വിസ്തരിച്ച് കുളിച്ച് തറവാട്ടുവീട്ടില്‍ പോയി വിഷു സദ്യയും കഴിച്ച് വിട്ടില്‍ കിടക്കയില്‍ നിവര്‍ന്നിരുന്നപ്പോള്‍ മറ്റൊരു യാത്രയിലും കിട്ടാത്ത ഒരു ആത്മ നിര്‍വൃതി. അതെ ഔറംഗാബാദ് മറക്കാനാവാത്ത ഒരനുഭവം തന്നെ.