പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍; കെജ്രിവാള്‍ മാങ്ങയും മധുരവും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നുവെന്ന് ഇ.ഡി കോടതിയില്‍

ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന വിചിത്ര വാദവുമായി ഇഡി.
കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം, മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന. സ്‌പെഷ്യല്‍ ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ ഈ ആരോപണം ഉന്നയിച്ചത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മദ്യനയക്കേസില്‍ ഇഡി അറസ്റ്റിലായത് മുതല്‍ തന്നെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് കെജ്രിവാളും കുടുംബവും ആം ആദ്മി പ്രവര്‍ത്തകരുമെല്ലാം ഉന്നയിക്കുന്നുണ്ട്. പ്രമേഹം തന്നെയാണ് ഇവര്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page