സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. ഇന്ന് പൂര്‍ണമായി ചന്ദ്രന്‍, സൂര്യനെ മറയ്ക്കും. ഈ സമയം പ്രഭാതമോ സന്ധ്യയോ പോലെ ആകാശം ഇരുണ്ടിരിക്കും. ഗ്രഹണം നാസ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. അതേസമയം ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.
അമേരിക്ക, കാനഡ, മെക്സിക്കോ, വടക്കേ അമേരിക്കയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളില്‍ ഏകദേശം 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തത്സമയ ദൃശ്യം കാണാന്‍ കഴിയും. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും.
4 മിനിറ്റ് 27 സെക്കന്റ് പൂര്‍ണഗ്രഹണം നീണ്ടുനില്‍ക്കും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്സസ് മുതല്‍ മെയിന്‍ വരെയുളള സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുക. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇതിന് മുന്‍പ് 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നത്. സമ്പൂര്‍ണ സൂര്യഗ്രഹണം തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ നാസ ഒരുക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് ഇന്ത്യന്‍ സമയം രാത്രി 10:30 ന് ആരംഭിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ നാസ ലൈവ് സ്ട്രീം ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 1:30 വരെ നീളും. ഈ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണം എന്നാണ് നക്ഷത്ര നിരീക്ഷകര്‍ പറയുന്നത്. കാരണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് സുരക്ഷിതമല്ല. സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ പ്രൊജക്ടര്‍, ക്യാമറ, ബൈനോക്കുലര്‍ എന്നിവ കൊണ്ട് സൂര്യഗ്രഹണം കാണാം.
