തെക്കൻ ജില്ലകളിൽ കടലാക്രമണം; നിരവധി വീടുകളും വള്ളങ്ങളും തകർന്നു; ഇനിയും കൂറ്റൻ തിരമാലകളും കടലേറ്റവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലും ഞായറാഴ്ച കടലാക്രമണമുണ്ടായി.
തൃശൂർ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തിൽ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാർ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഞായറാഴ്ച പുലർച്ചെ കടലിൽ കടൽ ചുഴലി കണ്ടിരുന്നതായും തൊഴിലാളികൾ പറഞ്ഞു.
തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച കടൽക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.വലിയതുറ, പൊഴിയൂർ, പൂന്തുറ തുടങ്ങിയ മേഖലകളിൽ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്, വർക്കല മേഖലകളിലും കടൽക്ഷോഭം ശക്തമാണ്.
പൊഴിയൂരിൽ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളിൽ വെള്ളം കയറിയിട്ടുണ്ട്. തുടർന്ന്, പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി. കടലിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റേതാണ് മുന്നറിയിപ്പ്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page