കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
