സത്യഭാമക്ക് പണിവരുന്നു; വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.
പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടായെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page