നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനാ(61)ണ് മരിച്ചത്. ഒമാനിലെ ഇബ്രിയില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.
ഒമാനിലെ ഇബ്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്നും വീട് വെക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം ലോണ്‍ എടുത്തത്. 7 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തത്. കുറച്ചായി പണം തിരിച്ചടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പലിശയിലേക്ക് ആണ് പോയിരുന്നത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് മുതലും പലിശയും അടക്കം 14,70,000 രൂപ അടക്കേണ്ടതായി വന്നു. ഈ തുക അടക്കാന്‍ ഒരു മാര്‍ഗവും അദ്ദേഹം കണ്ടില്ല. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 നവംബര്‍ 21ന് ബാങ്ക് വിജയന് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ബാങ്ക് അധികാരികള്‍ വീട്ടിലെത്തി. 1.75 ആര്‍ വസ്തു ജപ്തി ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചു. ഈ മാസം 30 നുള്ളില്‍ മുഴുവന്‍ പണവും ബാങ്കില്‍ അടക്കയ്ക്കണം എന്നാണ് ബാങ്ക് അധികാരികള്‍ അറിയിച്ചിരുന്നത്. ജപ്തി നാട്ടില്‍ നടന്ന വിവരമറിഞ്ഞ് അപ്പോള്‍ തന്നെ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന്‍ ബന്ധുക്കളുമായി സി.ആര്‍. മഹേഷ് എം.എല്‍.എയെ സമീപിച്ചിരുന്നു. ബാങ്ക് അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. അപ്പോഴേക്കും വിജയന്റെ മരണ വാര്‍ത്ത വീട്ടിലെത്തി. പിതാവ്: ശങ്കരന്‍. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മകന്‍: വിജില്‍.