കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു. അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല. വരുന്നേ… വരുന്നേ…അയ്യപ്പന്‍ വരുന്നേ… എന്ന കാസറ്റിലെ നാലു പാട്ടുകള്‍ സുരേഷിന്റോതാണ്. പാട്ടുകള്‍ക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയതാരം വീണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.
വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ജോബി വയലുങ്കല്‍ അറിയിച്ചു. ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ഒരുക്കിയിട്ടുള്ളത് ജോബി വയലുങ്കലാണ്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍,സജി വെഞ്ഞാറമൂട് (നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്ഠന്‍) ടെലിവിഷന്‍ കോമഡി പ്രോഗ്രാമായ ഒരു ചിരി ബംബര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങി നൂറിലേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
