നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച നർത്തകി സത്യഭാമക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല; പ്രതിഷേധം ശക്തം; സത്യഭാമക്കെതിരെയുള്ള സ്ത്രീ പീഡനക്കേസും കുത്തിപ്പൊക്കി മാധ്യമങ്ങൾ

തൃശൂര്‍: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. നിരവധി പേരാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി എത്തിയത്. പ്രമുഖരടക്കം നിരവധി പേർ സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. മന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ ചില മാധ്യമങ്ങൾ അവർക്കെതിരെ ഉണ്ടായിരുന്ന സ്ത്രീധന പീഡനക്കേസും കുത്തിപ്പൊക്കി. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടത്. സത്യഭാമയ്‌ക്കെതിരെ മകന്‍ അനൂപിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ നവംബറിലാണ് കേസ് എടുത്തിട്ടുള്ളത്. താലി വലിച്ചുപൊട്ടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തുവെന്നാണ് മകന്‍റെ ഭാര്യയുടെ പരാതി. 35 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് വീണ്ടും 10 ലക്ഷം ആവശ്യപ്പെട്ടു.
വീടും വസ്തുവും മകന്റെ പേരില്‍ എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിച്ചു. മകന്‍ കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു.
വീടും സ്ഥലവും മകൻെറ പേരിലേക്ക് മാറ്റാനായിരുന്നു പീഡനമെന്നാണ് എഫ്ഐആർ. കന്‍റോൺമെന്‍റ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞദിവസം
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page