ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു. വിഷ്ണു എന്നയാള്‍ക്കാണ് കുത്തേറ്റത്. അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലക്കോണം സ്വദേശിയാണ് കുത്തേറ്റ വിഷ്ണു. ബൈക്കില്‍ കയറുന്നതിനിടയില്‍ അഞ്ചംഗസംഘം ചവിട്ടിവീഴ്ത്തിയ ശേഷമാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള ഘോഷ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അക്രമം.
തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ വിഷ്ണു അപകടനില തരണം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
വിഷ്ണുവിനെ കുത്തിയ സംഭവത്തില്‍ കാട്ടാക്കട പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ മുഖ്യപ്രതിയടക്കമുള്ളവര്‍ ഉണ്ടെന്നാണ് സൂചന. അക്രമത്തിന് പിന്നില്‍ വ്യക്തിപരമായ പകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page