അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു; തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്

അടിമാലി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തേനി സ്വദേശി ഗുണശേഖരന്‍ (71), അഭിനവ്–ശരണ്യ ദമ്പതികളുടെ മകന്‍ തന്‍വിക്(1), ഈറോ‍ഡ് വിശാഖ മെറ്റല്‍ ഉടമ പി.കെ. സേതു (34), തേനി സ്വദേശി അഭിനാഷ് മൂര്‍ത്തി എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്.
ആനക്കുളത്തെ കുവൈറ്റ് സിറ്റിക്ക് സമീപമുള്ള പേമരം ജങ്ഷനടുത്ത് ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പേമരം ജങ്ഷനു സമീപത്തെ വളവിൽനിന്ന് നിയന്ത്രണംവിട്ട വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂവരും മരിച്ചത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ അലുമിനിയം കമ്പനിയിലെ ജീവനക്കാർ കുടുംബസമേതം വിനോദസഞ്ചാരത്തിനായി ആനക്കുളത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. 14 പേരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്ന സൂചനയുണ്ട്. നിയന്ത്രണംവിട്ട വാഹനം ക്രാഷ് ബാരിയർ തകർത്താണ് കൊക്കയിലേക്ക് പതിച്ചത്. വാഹനം പുറത്തെടുക്കാനുള്ള നടപടികൾ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page