Monday, May 20, 2024
Latest:

റംസാന്‍ ഒരു ഓര്‍മ്മച്ചെപ്പ്: പഴയ കാല നോമ്പ് ഓര്‍മ്മ


നോമ്പ് കാലമെത്തുമ്പോഴൊക്കെ ഞാന്‍ ഉമ്മുമ്മയെ ഓര്‍ക്കും. 1982 ല്‍ ഉമ്മുമ്മ മരിച്ചു. 42 വര്‍ഷം പിന്നിട്ടിട്ടും ഉമ്മുമ്മയെ കുറിച്ചുള്ള ഓര്‍മ ഞാന്‍ ഇപ്പോഴും അയവിറക്കി കൊണ്ടിരിക്കുകയാണ്. മരിക്കുമ്പോള്‍ 80 വയസ്സായി കാണും. 1960 കളിലൊക്കെ ദാരിദ്ര്യ അവസ്ഥയും ഉമ്മുമ്മയുടെ ജീവിതവും നോമ്പ് കാലത്തെ സമര്‍പ്പണവും മറക്കാന്‍ കഴിയില്ല. അഞ്ച് നേരം നിസ്‌കരിക്കുകയും ഒരു നോമ്പ് പോലും പാഴാക്കി കളയാതിരിക്കുകയും ചെയ്യുന്ന ഉമ്മുമ്മയുടെ മതനിഷ്ഠ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നോമ്പ് അടുക്കാറായാല്‍ പഴയ തറവാട് വീടിന്റെ നിലം മുഴുവന്‍ ചാണകം മെഴുകി വൃത്തിയാക്കി വെക്കും. അതിന് സഹായിക്കാന്‍ വെള്ളച്ചി എന്ന് പേരായ ഒരു പ്രായം ചെന്ന സ്ത്രീയും എത്തും. ചാണകം നജിസ് ആണെങ്കിലും അക്കാലത്ത് സിമന്റ് തുടങ്ങിയ വസ്തുക്കള്‍ പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ ചാണകം തന്നെ ശരണം. നല്ല കറുപ്പ് നിറം കിട്ടാന്‍ പഴയ ബാറ്ററിയുടെ ഉള്ളിലുള്ള കറുത്ത വസ്തുവോ ചകിരി കത്തിച്ച കരിയോ ചാണകത്തില്‍ കലര്‍ത്തും അതാണ് നിലം മെഴുകാന്‍ ഉപയോഗിക്കുക.
മുമ്പ് കാലത്ത് ഉമ്മുമ്മ അനുഭവിച്ച വിഷമങ്ങളെ കുറിച്ചാണ് ഞാന്‍ എന്നും ഓര്‍മിക്കുക. അക്കാലത്ത് പള്ളികളില്‍ സൗണ്ട് സിസ്റ്റം ഇല്ലായിരുന്നു. മഗരിബ് സമയത്ത് ബാങ്ക് വിളി കേട്ടാലേ നോമ്പ് മുറിക്കാന്‍ പറ്റൂ. കരിവെള്ളൂരിലെ പള്ളിയില്‍നിന്ന് കൂക്കാനം പ്രദേശത്തേക്ക് ബാങ്ക് വിളി കേള്‍ക്കാന്‍ സാധിക്കില്ല. കൂക്കാനത്ത് നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് കരിവള്ളൂര്‍ പള്ളി. സൂര്യാസ്തമായ സമയത്ത് കൊട്ടണച്ചേരി ക്ഷേത്രത്തില്‍ നിന്ന് വെടിയൊച്ച കൂക്കാനം വരെ കേള്‍ക്കാം. ആ വെടിയൊച്ച കേട്ടാലാണ് ഉമ്മുമ്മ മഗരിബ് ആയി എന്ന് പറഞ്ഞു നോമ്പ് മുറിക്കുക. ഉമ്മുമ്മയുടെ നോമ്പു മുറിക്കുള്ള വിഭവം ഒരു കട്ട ഉപ്പും ഒരു ഗ്ലാസ് വെള്ളവും മാത്രമാണ്. ഇന്നത്തെപ്പോലെ കാരക്കയോ, ഈത്തപ്പഴമോ ഒന്നും കാണാത്ത കാലം. പണമുള്ളവരുടെ വീട്ടില്‍ അതുണ്ടാവാം. ഇക്കാലത്തെ നോമ്പ് മുറിയും നോമ്പുതുറയും ഒക്കെ ആര്‍ഭാടമല്ലേ? അതിനനുസരിച്ച് സാമ്പത്തിക വളര്‍ച്ചയും സമൂഹത്തിലുണ്ടായി. വൈകുന്നേരം വരെ ജലപാനം കഴിക്കാതെ നോമ്പ് അനുഷ്ഠിക്കുന്ന ഉമ്മുമ്മയുടെ മുഖത്ത് ക്ഷീണം ഒന്നും ഞാന്‍ കാണാറില്ല. വിശ്വാസത്തില്‍ അധിഷ്ഠിതമായ മനശക്തി കൊണ്ടാവാം അങ്ങനെ സന്തോഷത്തോടെ അവര്‍ നോമ്പ് അനുഷ്ഠിച്ചത്. നല്ല നിലാവുള്ള രാത്രിയില്‍ ഉമ്മുമ്മ പുറത്ത് കളത്തില്‍ പായ വിരിച്ചാണ് മഗരിബ് നിസ്‌കരിക്കുക. നോമ്പു തുറക്കാനുള്ള വിഭവവും വളരെ പരുങ്ങലിലാണ്. ഒന്നോ രണ്ടോ ദോശയാണ് നോമ്പ് തുറക്കാന്‍ എന്റെ ഉമ്മ കൊണ്ടു കൊടുക്കുക. അതിന്റെ പങ്ക് പറ്റാന്‍ ഞാനും ഉമ്മുമ്മയുടെ നിസ്‌കാര പായയുടെ സമീപത്ത് പോയി ഇരിക്കും. ഉമ്മുമ്മ സ്‌നേഹത്തോടെ ഒരു ദോശ എനിക്കു തരും. ഇന്നത് ചിന്തിക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണു നിറയും. അത്രയും ദാരിദ്ര്യാവസ്ഥയിലും വിശ്വാസം മുറുകെ പിടിച്ച് മുന്നോട്ടു പോയ ഉമ്മുമ്മയെ ഓര്‍മ്മിച്ചു പോവുന്നത് ഇക്കാലത്തെ ആര്‍ഭാടപൂര്‍വ്വമായ നോമ്പ് മുറിയും നോമ്പ് തുറയും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ്. ഇതില്‍ ആരാണ് സ്വര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ അവകാശിയാവുകയെന്ന് ഞാന്‍ വെറുതെ ചിന്തിക്കും.
കോഴി കൂവും മുമ്പേ എഴുന്നേല്‍ക്കുന്ന ഉമ്മുമ്മ സുബഹി നിസ്‌കരിക്കാനുള്ള സമയം നിശ്ചയിക്കും. നട്ടുച്ച നേരത്ത് ളുഹറും നിസ്‌ക്കരിക്കും. അന്ന് വാച്ചും ക്ലോക്കും ഒന്നുമില്ല. അസര്‍ നിസ്‌ക്കാരത്തിന്റെ സമയം നിശ്ചയിക്കല്‍ സ്വന്തം നിഴല്‍ കാല്‍പാദം വെച്ച് അളന്നാണ്.
പെരുന്നാളും ആഘോഷപൂര്‍വ്വമൊന്നുമല്ല. പുതുവസ്ത്രം കിട്ടിയാലായി. നെയ്‌ച്ചോറും കോഴിക്കറിയും ഉണ്ടാവും തീര്‍ച്ച.
ഇപ്പറഞ്ഞതൊക്കെ അമ്പത് – അറുപത് വര്‍ഷം മുമ്പത്തെ ഓര്‍മ്മയാണേ. അതൊക്കെ മാറി. വിശ്വാസം ആര്‍ഭാടമായി മാറി. ഇന്ന് വിശപ്പിന്റെ വിലയറിയാന്‍ നോമ്പ് എടുത്തേ പറ്റൂ. പണ്ട് സ്വയം തന്നെ വിശപ്പ് അറിയാമായിരുന്നു. വസ്ത്രധാരണ രീതിയിലും ഭക്ഷണ രീതിയിലും പുതുമ വന്നു. വീടകങ്ങള്‍ പളപളപ്പുണ്ടാക്കുന്ന വസ്തുക്കള്‍ കൊണ്ട് അലംകൃതമായി. സ്വര്‍ഗം ഭൂമിയില്‍ തന്നെ പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നു.
പണ്ട് കാലത്തെ നോമ്പനുഷ്ഠാനങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു എന്നും, നമ്മുടെ ഉമ്മുമ്മമാരും ഉപ്പുപ്പമാരും ഇത്ര മാത്രം കഷ്ടപ്പാട് അനുഭവിച്ചാണ് ജീവിച്ചു വന്നതെന്നും ന്യൂജന്‍സിനു വേണ്ടി കുറിച്ചതാണിത്. ആര്‍ഭാടത്തില്‍ തിമിര്‍ത്താടുന്ന വര്‍ത്തമാനകാല സമൂഹം പോയ കാലത്തെ നൊമ്പരങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും ആശിച്ചുപോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page