വസ്ത്രം വൃത്തിയില്ലെന്നുകാട്ടി കർഷകനെ തടഞ്ഞു; ഒടുവിൽ മെട്രോ ട്രെയിനിൽ സംഭവിച്ചത്

മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടികാട്ടി വയോധികനായ കര്‍ഷകന് മെട്രോയില്‍ യാത്ര നിഷേധിച്ചു. വ്യാപക പ്രതിഷേധം ഉയർന്നതോടെ സുരക്ഷാ ജീവനക്കാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബംഗളുരു നമ്മ മെട്രോയിലാണ് വസ്ത്രത്തിന്റെ പേരിൽ കർഷകനെ അപമാനിച്ച് മാറ്റിനിർത്തിയത്. രാജാജിനഗര്‍ മെട്രോസ്‌റ്റേഷനിലായിരുന്നു സംഭവം.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചാക്ക് തലയില്‍ ചുമന്ന കൊണ്ടാണ് കര്‍ഷകനെത്തിയത്. ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്. ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. ഇതോടെ മറ്റു യാത്രക്കാർ രംഗത്തുവന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറാലായിരുന്നു. തടഞ്ഞതെന്തിനാണെന്ന് ചോദിച്ച് ചില യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രസ്സ് കോഡ് പാലിക്കാന്‍ ഇത് വിവിഐപി സര്‍വീസ് അല്ല, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. ഏറെ നേരത്തെ തർക്കത്തിന് ഒടുവിലാണ് കർഷകനെ യാത്ര ചെയ്യാൻ ജീവനക്കാരൻ അനുവദിച്ചത്. സംഭവത്തിൽ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി. ഇതോടെയാണ് ജീവനക്കാരനെ പുറത്താക്കി അധികൃതർ തലയൂരിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page