മൂന്നാം സീറ്റ് മോഹിക്കേണ്ടന്ന് കോണ്‍ഗ്രസ്; എന്നാല്‍ യുഡിഎഫ് യോഗത്തിനില്ലെന്ന് ലീഗ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് അനുവദിക്കാനാകില്ലെന്ന തീരുമാനം കോണ്‍ഗ്രസ് നേതൃത്വം മുസ്ലിംലീഗിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ മൂന്നാം സീറ്റ് എന്നത് പരിഗണിക്കാന്‍ ഒരു നിര്‍വാഹവും ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
എന്നാല്‍, കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ലീഗിന് ചുരുങ്ങിയത് നാല് സീറ്റിനുള്ള അര്‍ഹതയുണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത് ആയുധമാക്കാനാണ് ലീഗ് തീരുമാനിച്ചിട്ടുള്ളത്. ലോക്സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഇതിനോടും നിഷേധ നിലപാട് വന്നതോടെ ലീഗ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ടും അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കാതെ ലീഗിനെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന പരാതി ലീഗിന് നേരത്തെ തന്നെയുണ്ട്. അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പലവട്ടം പറഞ്ഞിട്ടും മൂന്നാം സീറ്റ് നല്‍കാത്ത കോണ്‍ഗ്രസിന്റെ നിലപാടില്‍ ലീഗിനകത്തെ ഒരു വിഭാഗത്തിന് കനത്ത അമര്‍ഷവുമുണ്ട്. മൂന്നാം സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും നടത്തിയ പ്രതികരണങ്ങള്‍ ഇത് തെളിയിക്കുന്നു.
സീറ്റ് ചര്‍ച്ചകളില്‍ ഇനിയും കാലതാമസം എടുക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കില്‍ അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നുമായിരുന്നു സലാമിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page