ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാന്റെ നിര്യാണം കേരളത്തിനും ഏറെ നഷ്ടം. കേരളത്തിന്റെ നിയമപരമായ കാര്യങ്ങളില്‍ എന്നും ശ്രദ്ധിച്ചിരുന്ന നരിമാന്‍ ഏറ്റവും ഒടുവില്‍ വായ്പാ പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി. 2007-ല്‍ ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ ആദ്യമെത്തിയപ്പോള്‍ പിണറായി വിജയന് വേണ്ടി ഹാജരായതും നരിമാന്‍ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ രാജ്ഭവനില്‍ അനന്തമായി പിടിച്ചുവച്ചപ്പോള്‍ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
95 വയസ്സായിരുന്ന നരിമാന്‍ 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കാനുമുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1975 ജൂണില്‍ നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവി രാജിവച്ചു. ഇത് രാജ്യമൊട്ടുക്ക് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഭോപ്പാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡിനെ പ്രതിനിധീകരിച്ചു. അഭിഭാഷക കരിയറില്‍ സുപ്രധാന വഴിത്തിരിവായ ഈ കേസിനു വേണ്ടി ഹാജരായത് തന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റാണ് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദരിച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. പൗരസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായ നിലപാടെടുത്തിരുന്നു. 19 വര്‍ഷം ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 1972 മുതല്‍ 75 വരെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ ‘ബിഫോര്‍ മെമ്മറി ഫേഡ്‌സ്’ എന്ന പുസ്തകം വ്യാപകമായി വായിക്കപ്പെട്ടതാണ്. ദി സ്റ്റേറ്റ് ഓഫ് നേഷന്‍’, ‘ഗോഡ് സേവ് ദി ഹോണബിള്‍ സുപ്രീം കോടതി’ എന്നിവയാണ് മറ്റ് കൃതികള്‍. സുപ്രീംകോടതി ജഡ്ജി റോഹിംഗ്ടന്‍ നരിമാന്‍ മകനാണ്.
