
വീടിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതോടെ തങ്ങളെ ദയാവധത്തിന് വിധേയരാക്കണമെന്ന് കാട്ടി രാഷ്ട്രപതിക്ക് വൃദ്ധ ദമ്പതികളുടെ കത്ത്. പുത്തൂർ കടബയിലെ കൗക്രാടി താലൂക്കിൽ കപ്പിനബൈലിലെ രാധമ്മ, മുത്തുസ്വാമി എന്നിവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ചിത്രദുർഗ സ്വദേശികളായ ഇരുവരും ആറ് വർഷം മുമ്പാണ് ഇവിടെ ദിവസക്കൂലി ജോലിക്കാരായി എത്തിയത്. സമ്പാദ്യമായ 50,000 രൂപ കൊടുത്ത് കുറച്ച് ഭൂമി വാങ്ങി ഓലപ്പുര കെട്ടുകയും ചെയ്തു. എന്നാൽ, സ്ഥലം വിറ്റ വ്യക്തിയാകട്ടെ പട്ടയം പോലും കൊടുത്തില്ല. മാത്രമല്ല, സർക്കാർ പുറമ്പോക്ക് ഭൂമിയാണ് സ്വന്തമെന്ന വ്യാജേന വിറ്റത്. ഇതിനിടയിലാണ് സർക്കാർ പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥർ രാധമ്മയ്ക്കും മുത്തുസ്വാമിക്കും ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഇതേ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ ഉണ്ടായിട്ടും റവന്യൂ വകുപ്പ് അധികൃതർ തങ്ങളുടെ പരാതി അവഗണിക്കുകയാണെന്ന് വൃദ്ധ ദമ്പതികൾ ആരോപിച്ചു. തുടർന്നാണ് തങ്ങളെ ദയാവധത്തിന് വിധേയമാക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഇരുവരും രാഷ്ട്രപതിക്ക് കത്തയച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കഡബ തഹസിൽദാർ പ്രഭാകര ഖാജൂർ സ്ഥലത്തെത്തി ദമ്പതികളുമായ ചർച്ച നടത്തി. അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകി.