ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കലക്ടറെയും എസ് പിയെയും തടഞ്ഞു; മൃതദേഹം വഹിച്ച് പ്രതിഷേധം തുടരുന്നു

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വയനാട്ടില്‍ കടുത്ത പ്രതിഷേധം തുടരുന്നു. ആനയെ വെടിവെച്ചു കൊല്ലാന്‍ കലക്ടര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് എത്തിയ കലക്ടര്‍ രേണുരാജിനെയും തടഞ്ഞു. മാനന്തവാടിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിച്ചു. ഏറെ വൈകിയും ഉപരോധം തുടരുകയാണ്. വാഹനങ്ങള്‍ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുവാനും നാട്ടുകാര്‍ സമ്മതിച്ചില്ല. സ്ഥലത്തെത്തിയ എസ്പി ടി നാരായണനെ നാട്ടുകാര്‍ തടഞ്ഞു. ഗോ ബാക്ക് വിളികളുണ്ടായി. പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എസ്പിക്ക് നടന്നുപോകേണ്ടി വന്നു. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page