വയനാട്: മാനന്തവാടി നഗരത്തില്‍ ഭീതി വിതച്ച് ഇറങ്ങിയത് കര്‍ണാടകത്തിലെ വനമേഖലയില്‍ നിന്നാണെന്ന് സൂചന. ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ റേഞ്ചില്‍ നിന്നും ജനുവരി 16 ന് പിടികൂടിയ ആനയാണിതെന്നും തിരിച്ചറിഞ്ഞു. പിടികൂടിയതിനുശേഷം ഈ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നു. മാനന്തവാടി നഗരത്തില്‍ എത്തിയ ആനയ്ക്കും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമായതോടെയാണ് ആനയെ തിരിച്ചറിഞ്ഞത്. റേഡിയോ കോളറില്‍ നിന്നുള്ള ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കര്‍ണാടക വനംവകുപ്പിന് കൈമാറി. ആനയെ പിടികൂടാന്‍ കേരള വനംവകുപ്പ് കര്‍ണാടകത്തിന്റെ സഹായം തേടിയിട്ടുണ്ട്. മാനന്തവാടി പായോട് ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആനയെത്തിയത്. രാവിലെ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും ഉത്തരവിട്ടു. മാനന്തവാടി നഗര പരിധിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.
നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടിരുന്നു. ഇപ്പോള്‍ മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആര്‍ടിസി ഗ്യാരേജില്‍ സമീപത്തേക്ക് നീങ്ങി. അതിനുശേഷം നഗരമധ്യത്തിലൂടെ നടന്നുനീങ്ങി മാനന്തവാടി കോടതി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
കാപ്പിത്തോട്ടങ്ങളില്‍ സ്ഥിരമായി കണ്ടുവരുന്ന ആനയാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ ആനയെ തളയ്ക്കാന്‍ മയക്കുവെടി വെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.