ഭൂമി കയ്യേറ്റം; കുഴൽനാടൻ കുരുക്കിൽ, നോട്ടീസ് കൊടുത്ത് റവന്യൂ വകുപ്പ്

ഇടുക്കി: ഭൂമി കയ്യേറിയെന്ന് കാട്ടി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് ഭൂമി കൈവശം വെച്ചതിനാണ് വെച്ചതിനാണ് കേസ്. ഉടൻ തന്നെ ഹിയറിങ്ങിനു ഹാജരാകണമെന്ന് കാട്ടി കുഴല്നാടന് നോട്ടീസ് അയച്ചു.
അതിനിടെ, മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻ്റ് സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ റവന്യൂ വകുപ്പ് വേഗത്തിലാക്കി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുകയാണ്.
മാത്യു കുഴൽനാടൻ എം എൽ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എൽ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ പറഞ്ഞു. എം എൽ എയ്ക്ക് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. മാത്യു കുഴൽനാടൻ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്നിങ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റ‍ര്‍ ഓസ്റ്റിൻ പറഞ്ഞിരുന്നു.
ഇതിനിടയിലാണ് ഭൂമി കയ്യേറിയ വിഷയത്തിൽ റവന്യൂ വകുപ്പ് കേസ് എടുക്കുന്നത്. പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്. ന്യായവിലയേക്കാൾ ഉയർന്ന വിലയ്ക്കായിരുന്നു ഒരു ഏക്കർ 20 സെൻ്റ് ഭൂമി ഉൾപ്പെടെ വിറ്റത്. 2.15 കോടി രൂപയ്ക്കാണ് ഇടപാട് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page