കുമ്പള: കേരള ബാങ്ക് കുമ്പള ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട കുണ്ടാപ്പു സ്വദേശി വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും കുടുംബ സഹായ ഫണ്ട് കൈമാറ്റവും വെള്ളിയാഴ്ച നടക്കും. ജില്ലയിലെ മുഴുവന്‍ ജീവനക്കാരും അവരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവര്‍ത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ തുക ചിലവില്‍ സ്നേഹവീടൊരുക്കിയത്.
കേരള ബാങ്ക് ജീവനക്കാര്‍ ഇതാദ്യമായാണ് ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനത്തിന് ജില്ലയില്‍ മുന്നിട്ടിറങ്ങിയത്. കുടിവെള്ള സൗകര്യം പോലും ലഭ്യമല്ലാത്ത ചെറിയൊരു കൂരക്കുള്ളില്‍ രണ്ട് ചെറിയ കുട്ടികളുമൊത്ത് ദുരിതജീവിതം നയിക്കുകയായിരുന്ന ഇവരുടെ ദയനീയത വിശ്വനാഥന്റെ മരണത്തോടെയാണ് പുറം ലോകം അറിഞ്ഞത്. വിശ്വനാഥന്‍ മരിച്ച് അഞ്ച് മാസമാകുമ്പോഴാണ് കേരള ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങിയത്.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. കേരള ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ വല്‍സല കുമാരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി സഹദേവന്‍, ജനറല്‍ മാനേജര്‍ അബ്ദുല്‍ മുജീബ്, രഹന സി.വി പ്രസംഗിക്കും.